Kerala
തിരുവനന്തപുരം: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതരമായ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും അടിസ്ഥാന കർഷക പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന കാർഷിക പഠനരേഖകൾ വിവിധ കർഷക സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിനു സമർപ്പിച്ചു.
കർഷകരുടെ പ്രധാന പ്രശ്നങ്ങളായ വന്യമൃഗശല്യം, ഭൂപതിവു ചട്ട ഭേദഗതിയിലെ ഭരണഘടനാവിരുദ്ധമായ ഭേദഗതികൾ, വിവിധ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, വർധിപ്പിച്ച വിവിധ നികുതികൾ, ജീവിതനിലവാരത്തകർച്ച തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സ്വതന്ത്ര കർഷക സംഘടനാ പ്രതിനിധികൾ യുഡിഎഫ് നേതാക്കളുമായി നേരിൽ കണ്ടു ചർച്ച നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാർഷിക പഠനരേഖകൾ ഏറ്റുവാങ്ങി. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ, കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, യുഡിഎഫ് കാർഷിക സബ് കമ്മിറ്റി ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മുസ്ലിം ലീഗ് കർഷക സംഘടന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ തുടങ്ങിയ യുഡിഎഫ് നേതൃസംഘം കർഷക പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു.
യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രധാനപ്പെട്ട കർഷക വിഷയങ്ങൾ ഉൾപ്പെടുത്തുമെന്നു നേതാക്കൾ ഉറപ്പു നൽകി.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്ട്ട് കൈമാറിയത്. വിഎസ്എസ്സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടുന്നതാണ് റിപ്പോർട്ട്.
കൂടാതെ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോയെന്ന ചോദ്യത്തിനുള്ള ഉത്തരവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പങ്ങളിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. അതേസമയം സ്വര്ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയിൽ ഹര്ജി നൽകി.
തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ലെന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
Kerala
തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. മത്സരിച്ച 75,627 സ്ഥാനാർഥികളിൽ ഓൺലൈനായി ആകെ 56,173 പേർ കണക്ക് സമർപ്പിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിച്ചവരുടെ എണ്ണം ഉൾപ്പെടാത്ത കണക്കാണിത്.
ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിക്കാനും അവസരം നൽകിയിരുന്നു.
ഓൺലൈനായും നേരിട്ടും സമർപ്പിച്ച കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് ജനുവരി 31നകം കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
സെക്രട്ടറിമാരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കണക്ക് സമർപ്പിക്കാത്തവർക്കെതിരേ അയോഗ്യത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി.
കേസിൽൃജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
യൂട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമർശങ്ങൾ അതിജീവിതയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു. ജാമ്യം നൽകിയ കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.